
ഉത്തർപ്രദേശിലെ ദേവരിയ സ്വദേശിയായ ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ (33) മരണത്തിൽ ഗുരുതര ദുരൂഹത ഉയരുന്നു. വെനസ്വേലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നായിരുന്നു വിവരം. എന്നാൽ ഇന്ത്യയിലെത്തിച്ച മൃതദേഹത്തിൽ തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ ഉൾപ്പെടെ പ്രധാന ആന്തരികാവയവങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്ത്യയിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്മോർട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
തലച്ചോറ്, ഹൃദയം, രണ്ട് ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, ആമാശയം, കുടൽ, ശ്വാസനാളം തുടങ്ങി പ്രധാന അവയവങ്ങളെല്ലാം നീക്കം ചെയ്ത നിലയിലായിരുന്നുവെന്ന് ഡോക്ടർമാർ കണ്ടെത്തി. കഴുത്ത് മുതൽ അടിവയർ വരെ 22 തുന്നലുകളും തലയ്ക്ക് പിന്നിൽ ഒരു ചെവിയിൽ നിന്ന് മറുചെവിവരെ 21 തുന്നലുകളും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രധാന ആന്തരികാവയവങ്ങൾ ഇല്ലാതിരുന്നതിനാൽ മരണകാരണം സ്ഥിരീകരിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. മൃതദേഹം ഏകദേശം ഒരു മാസത്തോളം ഡീപ്പ് ഫ്രീസറിൽ സൂക്ഷിച്ച നിലയിലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
2025 നവംബറിൽ 'എക്സ്ഫിനിറ്റി' കമ്പനിയുടെ മുഖേന മർച്ചന്റ് നേവി കപ്പലിൽ ജോലിയിൽ പ്രവേശിച്ച രാകേഷ്, മേയ് മാസത്തിൽ കപ്പലിൽ വീണ് പരുക്കേറ്റതായും ചികിത്സയ്ക്കിടെ മരിച്ചതായുമാണ് കമ്പനി കുടുംബത്തെ അറിയിച്ചത്. കപ്പലിൽ വീണുണ്ടായ ഗുരുതര പരുക്കുകളാണ് മരണകാരണമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാൽ ഒരു മാസത്തിന് ശേഷമാണ് ജൂൺ നാലിന് മൃതദേഹം നാട്ടിലെത്തിച്ചത്.
ആദ്യം പോസ്റ്റ്മോർട്ടം നടത്താൻ പ്രാദേശിക ഡോക്ടർമാർ തയ്യാറായിരുന്നില്ല. തുടർന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ പ്രത്യേക നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. അപ്പോഴാണ് ശരീരത്തിൽ പ്രധാന അവയവങ്ങളൊന്നും ഇല്ലെന്ന വിവരം പുറത്തുവന്നത്.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് സീഫെറേഴ്സ് യൂണിയൻസ് ഓഫ് ഇന്ത്യ രംഗത്തെത്തി. വെനസ്വേലയിൽ നിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടോ മരണവുമായി ബന്ധപ്പെട്ട വ്യക്തമായ രേഖകളോ ലഭിച്ചിട്ടില്ലെന്നും സംഘടന ആരോപിച്ചു. മരണകാരണം വ്യക്തമാക്കാനും കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കാനും വെനസ്വേലയിലെ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.










